കുടുംബകൂട്ടായ്മ വർഷാചരണ ഉദ്ഘാടനം കാന്റർബറിയിൽ
Sunday, November 22, 2020 11:32 PM IST
കാന്റർബറി: ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റർബറിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്മ വർഷാചരണം നവംബർ 29ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും.
വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നടത്തുന്ന പരിപാടിയിൽ ഓരോ സഭാവിശ്വാസിയും അതതു ഭവനങ്ങളിൽ തിരികൾ തെളിച്ചു പങ്കുചേരുന്നതും തുടർന്നു വരുംദിവസങ്ങളിലുള്ള കുടുംബപ്രാർഥനകളിൽ കുടുംബകൂട്ടായ്മ വർഷാചരണത്തിന്റെ പ്രത്യേക പ്രാർഥന ചൊല്ലുന്നതുമാണ്.
രൂപതയുടെ എട്ടു റീജണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽ കരുത്തുറ്റതാക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആണ് കുടുംബകൂട്ടായ്മ വർഷാചരണം.