ഇന്തോനേഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
Monday, January 11, 2021 12:22 AM IST
ജക്കാർത്ത: ജക്കാർത്ത കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ യാത്രാവിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. 62 പേരുമായി ജക്കാർത്ത വിമാനത്താവളത്തിൽനിന്ന് പൊന്തിയാനക്കിലേക്ക് പറന്ന ശ്രീവിജയ എയറിന്റെ ബോയിംഗ് 737-500 യാത്രാവിമാനമാണ് ശനിയാഴ്ച കടലിൽ പതിച്ചത്.
നാവികസേനാ കപ്പൽ തകർന്നു വീണ വിമാനത്തിന്റെ ഫ്ളൈറ്റ് ഡേറ്റാ റിക്കോഡർ, കോക്പിറ്റ് വോയിംസ് റിക്കോർഡർ എന്നിവ കണ്ടെത്തിയതായി ഇന്തോനേഷ്യൻ നാഷണൽ സേർച്ച് ആൻഡ് റിസ്ക്യു എജൻസി തലവൻ ബാഗസ് പുറുഹിതോ പറഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽനിന്നുള്ള സിഗ്നൽ ലഭിച്ചതായി സൈനിക മേധാവി ഹാദി ജാഹ്ജാന്തോ പറഞ്ഞു.
കടലിൽ 23 മീറ്റർ ആഴത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുടെ ഭാഗങ്ങളും രക്ഷാപ്രവർത്തകർ കരയിൽ എത്തിച്ചിരുന്നു. 56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും ഇന്തോനേഷ്യൻ പൗരന്മാരാണ്. കടലിൽ ഉഗ്രശബ്ദത്തോടെ തീഗോളം പതിച്ചതായി മത്സത്തൊഴിലാളികളാണ് തീരസേനയെ വിവരം അറിയിച്ചത്.