എത്യോപ്യൻ പട്ടാളം 750 ക്രൈസ്തവരെ പള്ളിയിൽ കൂട്ടക്കൊല ചെയ്തു
Thursday, January 14, 2021 11:46 PM IST
ആഡിസ് അബാബ: എത്യോപ്യയിൽ ആഭ്യന്തരയുദ്ധത്തിനിടെ സര്‍ക്കാര്‍ സേന 750 ക്രൈസ്തവരെ പള്ളിയില്‍ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. ഫെഡറല്‍ സേനയും ടിഗ്രെയ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിച്ചിരിക്കേ ഡിസംബര്‍ 15നാണ് സംഭവമെന്നു കരുതുന്നു.
ടിഗ്രെയിലെ അക്സും നഗരത്തിലുള്ള ഔര്‍ ലേഡി മേരി ഓഫ് സയൺ ഓര്‍ത്തഡോക്സ് പള്ളിയിൽ അഭയം തേടിയിരുന്ന വിശ്വാസികളാണ് ആക്രമിക്കപ്പെട്ടതെന്നു ബെല്‍ജിയന്‍ സംഘടനയായ യൂറോപ്പ് എക്സ്റ്റേണല്‍ പ്രോഗ്രാം വിത്ത് ആഫ്രിക്ക(ഇഇപിഎ) റിപ്പോര്‍ട്ട് ചെയ്തു.
ഫെഡറല്‍ സേന പള്ളിയെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈബിളില്‍ പരാമര്‍ശിക്കുന്ന ഉടമ്പടി പേടകം ഈ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണു വിശ്വാസം. പേടകം എടുക്കാനാണു പട്ടാളക്കാർ വന്നതെന്ന സംശയത്തിൽ വിശ്വാസികൾ പ്രശ്നമുണ്ടാക്കി. പള്ളിയിലും പരിസരത്തുമായി ആയിരത്തോളം പേരുണ്ടായിരുന്നു. തുടർന്ന് പട്ടാളക്കാർ ജനങ്ങളെ നിർബന്ധിച്ചു മുറ്റത്തിറക്കി വെടിയുതിർക്കുകയായിരുന്നു.
ടിഗ്രെയ് മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നിരോധനമുള്ളതിനാലാണു സംഭവം പുറത്തുവരാൻ വൈകിയത്. കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെട്ടവർ 200 കിലോമീറ്ററിലേറെ നടന്ന് പ്രവിശ്യാ തലസ്ഥാനമായ മെക്കെല്ലെയിൽ എത്തിയാണ് വിവരം അറിയിച്ചത്.
ആഭ്യന്തരയുദ്ധം മൂലം ടിഗ്രെയ് പ്രവിശ്യയിൽനിന്ന് പത്തുലക്ഷം പേർ രാജ്യത്തിനകത്തും അരലക്ഷം പേർ സുഡാനിലും അഭയാർഥികളായി എത്തിയിട്ടുണ്ടെന്നാണു കണക്ക്.