അതിതീവ്ര വൈറസ് യുഎസിൽ വ്യാപകമായേക്കും
Sunday, January 17, 2021 12:06 AM IST
വാഷിംഗ്ടൺ: യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മാർച്ചോടെ യുഎസിൽ വ്യാപകമാകുമെന്ന് റിപ്പോർട്ട്. ഇതിനകം മുപ്പത് രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ള വൈറസിനെ നേരിടാൻ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണെന്ന് യുഎസ് രോഗപ്രതിരോധ കേന്ദ്രം (സിഡിഎസ്) മുന്നറിയിപ്പ് നൽകി.
കോവിഡിനെത്തുടർന്ന് ഇപ്പോൾത്തന്നെ വെല്ലുവിളി നേരിടുന്ന രാജ്യത്തെ ആരോഗ്യസംവിധാനത്തിന് 70 ശതമാനത്തിലധികം വ്യാപനശേഷിയുള്ള വൈറസ് കടുത്ത ഭീഷണിയുയർത്തും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ജനസമൂഹത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും നടപടികൾ ഉണ്ടാകണമെന്ന് സിഡിഎസ് നിർദേശിച്ചു.
മാർച്ച് മാസത്തോടെ രോഗ്യവ്യാപനം ശക്തിപ്പെടും മുന്പ് വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും അവർ നിരീക്ഷിക്കുന്നു. യുഎസിലെ വിവിധ സംസ്ഥാനങ്ങളിലായി 76 പേർക്കാണ് അതിതീവ്രവൈറസ് ഇതിനകം സ്ഥിരീകരിച്ചിരിക്കുന്നത്. വാക്സിൻ കുത്തിവയ്ക്കുന്നത് വ്യാപകമാക്കുന്നതിനൊപ്പം മാസ്ക്, ആളകലം തുടങ്ങിയ സുരക്ഷാനടപടികളും കർക്കശമാക്കണം.