കോവിഡ് പേടി; യുവാവ് മാസങ്ങൾ ഉണ്ടുറങ്ങിയത് വിമാനത്താവളത്തിൽ!
Monday, January 18, 2021 11:48 PM IST
ഷിക്കാഗോ: കോവിഡ് പിടിക്കുമെന്ന ഭീതിയിൽ മൂന്നുമാസം വിമാനത്താവളത്തിൽ ഒളിച്ചുകഴിഞ്ഞ ഇന്ത്യക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ. ആദിത്യ സിംഗാണു ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച അറസ്റ്റിലായത്.
വിമാന ജീവനക്കാരൻ ഐഡന്റിറ്റി ആവശ്യപ്പെട്ടതോടെയാണ് ആദിത്യയുടെ കള്ളക്കളി പുറത്തായത്. ആദിത്യ കാണിച്ച ഐഡന്റിറ്റി ബാഡ്ജ് വിമാനത്താവളത്തിലെ ഒരു ഓപ്പറേഷൻസ് മാനേജരുടേതായിരുന്നു. ഒക്ടോബറിൽ ബാഡ്ജ് നഷ്ടപ്പെട്ടതായി ഇദ്ദേഹം പരാതിപ്പെട്ടിരുന്നു. ഇതു തിരിച്ചറിഞ്ഞ ജീവനക്കാരൻ സുരക്ഷാവിഭാഗത്തിനു വിവരം നൽകുകയായിരുന്നു. ചോദ്യം ചെയ്യലിലാണു കോവിഡ് ഭീതിയിൽ താൻ വിമാനത്താവളത്തിൽ ഒളിച്ചു കഴിയുകയായിരുന്നെന്ന് ആദിത്യ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 19-നാണ് ആദിത്യ ലോസ്ആഞ്ചൽസിൽനിന്ന് ഒഹാരെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കോവിഡ് ഭീതിയിയെത്തുടർന്ന് വീട്ടിൽ പോകാതെ വിമാനത്താവളത്തിൽ ഒളിച്ചുകഴിയുകയായിരുന്നു.
ആദിത്യയുടെ അറസ്റ്റിൽ കുക്ക് കൗണ്ടി ജഡ്ജി സൂസന്ന ഓർട്ടിസ് അദ്ഭുതം പ്രകടിപ്പിച്ചു. ജീവനക്കാരനല്ലാത്ത, അനുമതിയില്ലാത്ത ഒരാൾ മൂന്നുമാസം വിമാനത്താവളത്തിലെ അതീവസുരക്ഷാ മേഖലയിൽ പിടിക്കപ്പെടാതെ കഴിഞ്ഞത് എങ്ങനെയെന്നു ജഡ്ജി പ്രോസിക്യൂട്ടറോടു ചോദിച്ചു. ലോസ്ആഞ്ചൽസ് പ്രാന്തത്തിൽ താമസക്കാരനായ ആദിത്യക്കു ക്രിമിനൽ പശ്ചാത്തലമില്ല. എന്നാൽ, എന്തിനാണ് ഇയാൾ ഷിക്കാഗോയിൽ എത്തിയതെന്നു വ്യക്തമല്ല. 1,000 ഡോളറിന്റെ ജാമ്യം അനുവദിച്ച കോടതി, വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ആദിത്യയെ വിലക്കിയിട്ടുണ്ട്.