ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ ട്രംപ് മടങ്ങി
Thursday, January 21, 2021 12:07 AM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാതെ ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസിൽനിന്ന് ഹെലികോപ്റ്ററിൽ ഫ്ളോറിഡയിലെ മാർ-എ- ലാഗോ എസ്റ്റേറ്റിലേക്ക് പോയി.
ട്രംപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഈ ഗോൾഫ് ക്ലബ്ബിൽ അദ്ദേഹം സ്ഥിരമായി താമസിച്ചേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈഡന്റെയും വൈസ് പ്രസിഡന്റായി കമലാ ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എഴുപത്തിനാലുകാരനായ ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആൻഡ്രു ജോൺസനു ശേഷം (1969) പിൻഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ വൈറ്റ് ഹൗസ് വിടുന്ന പ്രസിഡന്റായി ട്രംപ് മാറി.
ബൈഡൻ ഭരണകൂടത്തിന് ശുഭാശംസകൾ
പുതിയ ഭരണകൂടം അമേരിക്കയെ സുരക്ഷിതമായി സമൃദ്ധിയിലേക്കു നയിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി സ്ഥനമൊഴിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിടവാങ്ങൽ സന്ദേശത്തിൽ പറഞ്ഞു. അമേരിക്കൻ ജനത മൂല്യങ്ങളിൽ ഒന്നിക്കണമെന്നും വിദ്വേഷങ്ങളില്ലാതെ ശോഭനമായ ഭാവിക്കായി ഉണരണമെന്നും വൈറ്റ് ഹൗസ് ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവി ട്രംപ് ഇതുവരെ അംഗീകരിക്കാൻ തയാറായിട്ടില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ വിടവാങ്ങൽ പ്രസംഗത്തിലും ട്രംപ് അഭിനന്ദിച്ചില്ല.
ബെന്നൻ ഉൾപ്പെടെ 73 പേർക്ക് മാപ്പ്
മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബെന്നൻ ഉൾപ്പെടെ 73 പേർക്ക് മാപ്പും 70 പേർക്കു ശിക്ഷാ ഇളവും നൽകി. പ്രസിഡന്റ് പദവിയിൽ ട്രംപ് അവസാനമായി ചെയ്ത ഉത്തരവായിരുന്നു ഇത്. ട്രംപ് ഭരണകൂടത്തിന്റെ ആദ്യമാസങ്ങളിൽ ബെന്നനായിരുന്നു മുഖ്യഉപദേഷ്ടാവ്. യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനുള്ള പ്രചാരണത്തിൽ പണത്തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞവർഷമാണ് ബെന്നൻ അറസ്റ്റിലായത്. പണത്തട്ടിപ്പ് കേസിൽ പെട്ട അഭിഭാഷകൻ പോൾ എറിക്സൺ, ചാരക്കേസിൽ ഒന്നരവർഷം തടവ് ശിക്ഷ ലഭിച്ച റഷ്യക്കാരി മരിയ ബുടിന എന്നിവർക്കും ട്രംപ് മാപ്പ് നൽകിയിട്ടുണ്ട്.
മകളുടെ വിവാഹനിശ്ചയം
ചൊവ്വാഴ്ച ട്രംപിന്റെ മകൾ ടിഫാനിയും കാമുകൻ മൈക്കിൾ ബൗലസുമായുള്ള വിവാഹനിശ്ചയം വൈറ്റ്ഹൗസിൽ വച്ച് നടത്തി. ടിഫാനി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ലളിതമായി വിടവാങ്ങൽ
ഇത് ആജീവനാന്തബഹുമതിയാണെന്ന് വൈറ്റ് ഹൗസ് വിടും മുന്പ് ട്രംപ് പറഞ്ഞു. 1992 ന് ശേഷം രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെടാത്ത യുഎസ് പ്രസിഡന്റാണ് ട്രംപ്. റിപ്പബ്ളിക്കൻ പ്രസിഡന്റായിരുന്ന ജോർജ് എച്ച്.ഡബ്ല്യു. ബുഷും രണ്ടാം വട്ട തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. മേരിലാൻഡ് ആൻഡ്രു സൈനിക താവളത്തിൽ ലളിതമായി വിടവാങ്ങൽ ചടങ്ങ് ട്രംപ് നടത്തി. അവിടെനിന്ന് പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിൽ ഫ്ളോറിഡ പാം ബീച്ചിലെ മാർ-എ-ലാഗോയിലേക്ക് പോയി. ട്രംപിന്റെ വിടവാങ്ങൽ ചടങ്ങിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുത്തില്ല. ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പെൻസ് പങ്കെടുത്തു.