കമല ഹാരിസ് ഇന്ത്യ-അമേരിക്ക ബന്ധം ഉൗട്ടിയുറപ്പിക്കും: വൈറ്റ് ഹൗസ്
Saturday, January 23, 2021 1:02 AM IST
വാഷിംഗ്ടണ്‍: കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് പദവി ഇന്ത്യ-അമേരിക്ക ബന്ധം ഉൗട്ടിയുറപ്പിക്കുമെന്നു വൈറ്റ് ഹൗസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രസിഡന്റ് ജോ ബൈഡൻ വിലമതിക്കുന്നുണ്ടെന്നും അതു തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് പദവി ചരിത്രനിമിഷമാണെന്നും സാക്കി കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്കു പിന്തുണയറിയിച്ചു കമല ഹാരിസ് രംഗത്തെത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിലും മെച്ചപ്പെട്ട ആരോഗ്യസംവിധാനം സൃഷ്ടിക്കുന്നതിലും വലിയ പങ്കുവഹിക്കാൻ ലോകാരോഗ്യ സംഘടനയ്ക്കു കഴിയുമെന്നാണു ബൈഡൻ ഭരണകൂടം കരുതുന്നതെന്നു കമല ഹാരിസ് ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അഥാനം ഗബ്രിയേസസിനോടു പറഞ്ഞു.
ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യ ഏജൻസിയിയായ ലോകാരോഗ്യ സംഘടനയിൽ വീണ്ടും അംഗമായതിനു പിന്നാലെയാണു കമല ഹാരിസിന്റെ പ്രസ്താവന. പ്രസിഡന്റായശേഷം ബൈഡൻ ഒപ്പുവച്ച ആദ്യ ഉത്തരവുകളിൽ ഒന്നായിരുന്നു ലോകാരോഗ്യ സംഘടനയിൽ വീണ്ടും അംഗത്വമെടുക്കൽ.