ഷേക്ക് കനക് ഖിംജി അന്തരിച്ചു
Friday, February 19, 2021 12:52 AM IST
മസ്കറ്റ്: ഒമാനിലെ ഇന്ത്യക്കാർക്കു പിതൃതല്യനും വൻ വ്യവസായ സാമ്രാജ്യത്തിന് ഉടമയും ഖിംജി റാംദാസ് ഗ്രൂപ്പ് തലവനുമായ ഷേഖ് കനക് ഖിംജി(85) അന്തരിച്ചു.
പതിറ്റാണ്ടുകൾക്കു മുന്പ് ഗുജാറത്തിൽനിന്നു കുടിയേറിയവരാണ് കനക് ഖിംജിയുടെ കുടുംബം. നിരവധി ഇന്ത്യക്കാരാണ് അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. എല്ലാവരും സ്നേഹപൂർവം അദ്ദേഹത്തെ കനക് ഭായ് എന്നാണ് വിളിച്ചിരുന്നത്.
പിതാമഹന്മാർ കെട്ടിപ്പടുത്ത നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവസായ സാമ്രാജ്യം രാജ്യത്തിന്റെ തന്നെ വികസനത്തിൽ വലിയ പങ്കാണു വഹിച്ചത്. വ്യവസായ രംഗത്ത് അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. ഇന്ത്യൻ സമൂഹത്തിനു വേണ്ടി അദ്ദേഹം മുന്നിൽ നിന്നു. ഇന്ത്യൻ സ്കൂളുകളും കലാ-സാംസ്കാരിക കേന്ദ്രങ്ങളും സ്ഥാപിച്ചു. ഒമാനിലെയും ഇന്ത്യയിലെയും ഭരണനേതൃത്വങ്ങളോട് അദ്ദേഹം വളരെ അടുപ്പം പുലർത്തിയിരുന്നു.
പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ച ആദ്യ വർഷം ഇന്ത്യൻ സർക്കാർ പ്രവാസി ഭാരതീയ പുരസ്കാരം നൽകി ആദരിച്ചു. സമാനമായ അംഗീകാരങ്ങൾ ഒമാൻ സർക്കാറും അദ്ദേഹത്തിന്ു നൽകി.