ബെയ്റൂട്ട് സ്ഫോടനം അന്വേഷിക്കാൻ പുതിയ ജഡ്ജി
Sunday, February 21, 2021 12:07 AM IST
ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് നടന്ന സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമമന്ത്രി മേരി ക്ലേദ് പുതിയ ജഡ്ജിയെ നിയമിച്ചു. ജഡ്ജി ഫാദി സാവനു പകരം താരെക് ബിതാറിന്റെ നേതൃത്വത്തിലാണു പുതിയ ജുഡിഷൽ അന്വേഷണസംഘം. അന്വേഷണത്തിൽ രാഷ് ട്രീയപക്ഷപാതിത്വം കാണിക്കുന്നുവെന്ന് സാവനെതിരേ ആരോപണമുയർന്നിരുന്നു. അന്വേഷണ തലവനായി ബിതാറിനെ നിയമിച്ചുള്ള ഉത്തരവിനു ലെബനീസ് ഹൈജുഡീഷൽ കൗൺസിൽ അംഗീകാരവും നൽകി.
ബെയ്റൂട്ടിലെ തുറമുഖത്തെ ഒരു സംഭരണശാലയിൽ സൂക്ഷിച്ച അമേണിയം നൈട്രേറ്റിന്റെ ശേഖരം കഴിഞ്ഞ ഓഗസ്റ്റ് നാലിനു പൊട്ടിത്തെറിക്കുകയായിരുന്നു. തുറമുഖത്തിനും നഗരത്തിനും കനത്തനാശം വരുത്തിയ സ്ഫോടനത്തിൽ 204 പേർ മരിച്ചു. നിരവധിപേർക്കു പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു.
സാവന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ 37 പേർക്കെതിരേയാണ് കുറ്റം ചുമത്തിയത്. ഇടക്കാല പ്രധാനമന്ത്രി ഹസൻ ഡയബ്, പൊതുമരാമത്ത് വകുപ്പിലെ മുൻ മന്ത്രിമാരായ ഗാസി സീറ്റർ, യൂസഫ് ഫെനിയോസ്, മുൻ സാന്പത്തിക മന്ത്രി അലി ഹസൻ ഖലീലി എന്നിവർ ഉൾപ്പെടെ ഉന്നത രാഷ് ട്രീയ നേതാക്കളുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്.