മ്യാൻമറിൽ പ്രതിഷേധക്കാർക്കു നേരേ വെടിവയ്പ്; രണ്ടു മരണം
Sunday, February 21, 2021 12:07 AM IST
യാങ്കോൺ: മ്യാൻമറിലെ പട്ടാളഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേർക്കു പോലീസ് നടത്തിയ വെടിവയ്പിൽ കുറഞ്ഞത് രണ്ടു പേർ മരിച്ചതായി റിപ്പോർട്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാണ്ടലേയിലെ യഡനാബോൺ തുറമുഖത്ത് പ്രതിഷേധിച്ച നൂറുകണക്കിനു പേർക്കെതിരേയാണ് പോലീസ് വെടിയുതിർത്തത്.
പട്ടാളം തടവിലാക്കിയ ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ ജീവനക്കാർ നടത്തുന്ന നിസ്സഹകരണ സമരത്തിൽ തുറമുഖ തൊഴിലാളികളും പങ്കു ചേർന്നിരുന്നു.
ഇന്നലെ പോലീസും പട്ടാളവും അടക്കം അഞ്ഞൂറോളം ഭടന്മാരാണ് സമരക്കാരെ നേരിടാനിറങ്ങിയത്. ജലപീരങ്കി, കണ്ണീർവാതകം, റബർ വെടിയുണ്ട എന്നിവ പ്രയോഗിച്ച ശേഷമാണ് വെടിയുതിർത്തത്.
സൂചിയുടെ എൻഎൽഡി പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചത് ക്രമക്കേട് നടത്തിയാണെന്നാരോപിച്ച് ഒന്നാം തീയതിയാണ് പട്ടാളം ഭരണം പിടിച്ചത്. പ്രസിഡന്റ് വിൻ മിന്റ് അടക്കമുള്ള നേതാക്കളും വീട്ടു തടങ്കലിലാണ്. നേരത്തേ പ്രതിഷേധത്തിനിടെ തലയ്ക്കു വെടിയേറ്റ യുവതി കഴിഞ്ഞദിവസം മരിച്ചിരുന്നു.