പിരിച്ചുവിട്ട നേപ്പാൾ പാർലമെന്റ് വിളിച്ചുചേർക്കാൻ സുപ്രീംകോടതി നിർദേശം
Tuesday, February 23, 2021 11:55 PM IST
കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് പിരിച്ചുവിട്ട കാവൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നടപടി നേപ്പാൾ സുപ്രീംകോടതി റദ്ദാക്കി. 275 അംഗ പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിയ ചീഫ് ജസ്റ്റീസ് ചോലേന്ദ്ര ഷുംസേറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് 13 ദിവസത്തിനകം സഭ വിളിച്ചുചേർക്കാനും നിർദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കം ഇതോടെ അനിശ്ചിതത്വത്തിലായി. പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ 20 നാണ് പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടത്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ (പ്രചണ്ഡ) വിഭാഗവുമായുള്ള ആശയഭിന്നതയാണു പാർലമെന്റ് പിരിച്ചുവിടാൻ ഒലി ശർമയെ പ്രേരിപ്പിച്ചത്.