മ്യാൻമർ: സൈനികനടപടിയെ അപലപിച്ച് വിദേശരാജ്യങ്ങൾ
Tuesday, February 23, 2021 11:55 PM IST
മോസ്കോ: മ്യാൻമറിലെ പ്രതിഷേധക്കാർക്കെതിരായ സൈനികനടപടികളെ അപലപിച്ചു വിദേശരാഷ്ട്രങ്ങൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏഴു രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ, അമേരിക്ക, യൂറോപ്പ് വിദേശകാര്യ ഓഫീസ് എന്നിവയാണു മ്യാൻമർ സൈന്യത്തെ നിശിതമായി വിമർശിക്കുന്നത്.
നിരായുധരായ ജനങ്ങൾക്കു നേർക്ക് ആയുധങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കുനേരെ അക്രമപാത സ്വീകരിക്കുന്നതു ശരിയല്ലെന്നും സംയുക്ത പ്രസ്താവനയിൽ വിമർശിക്കുന്നു. പ്രതിഷേധക്കാർ, ഡോക്ടർമാർ, പൊതുസമൂഹം, മാധ്യമപ്രവർത്തകർ എന്നിവരെ ലക്ഷ്യംവയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അടിയന്തരാവസ്ഥ പിൻവലിക്കണമെന്നും തടങ്കലിലാക്കിയവരെ വിട്ടയയ്ക്കണമെന്നും പ്രസ്താവനയിൽ ആവശ്യമുണ്ട്. മ്യാൻമറിൽ ഈ മാസം ഒന്നിനാണ് അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചത്.