യൂറോപ്പിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട: 23 ടൺ കൊക്കെയ്ൻ പിടികൂടി
Thursday, February 25, 2021 12:46 AM IST
ബെർലിൻ: ജർമൻ-ബെൽജിയൻ സുരക്ഷാ ഏജൻസികൾ ചേർന്ന് 23 ടൺ കൊക്കെയ്ൻ ലഹരിമരുന്ന് പിടിച്ചെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിതെന്നു ജർമൻ കസ്റ്റംസ് പറഞ്ഞു. തെരുവുകളിൽ വിറ്റഴിക്കുന്പോൾ ശതകോടിക്കണക്കിനു രൂപ ലഭിക്കാം.
പരാഗ്വയിൽനിന്ന് ജർമനിയിലെ ഹാംബർഗ് തുറമുഖത്തെത്തിയ കണ്ടെയ്നറിൽ നടത്തിയ പരിശോധനയിൽ 16 ടൺ ലഹരിമരുന്നു കണ്ടെടുത്തു. ടിന്നുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തുടർന്ന് ജർമൻ ഏജൻസികൾ ബെൽജിയവുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിൽ ബെൽജിയത്തിലെ ആന്റ്വെർപ് തുറമുഖത്തുന്ന് 7.2 ടൺ ലഹരിമരുന്നുകൂടി കണ്ടെത്തി.
ലഹരിവസ്തു നെതർലൻഡ്സിലേക്ക് അയച്ചതാണെന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തെട്ടുകാരനെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു.