അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസ് കാലംചെയ്തു
Friday, May 28, 2021 12:10 AM IST
ബെയ്റൂട്ട്: അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസ് ഗ്രിഗറി പിയർ ഗാബ്രോയാൻ ഇരുപതാമൻ(86) കാലം ചെയ്തു. ബെയ്റൂട്ടിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം നാളെ ബെയ്റൂട്ട് സെന്റ് ഏലിയാസ് ആൻഡ് സെന്റ് ഗ്രിഗറി ദി ഇല്യുമിനേറ്റർ കത്തീഡ്രലിൽ നടക്കും. 2015ലാണ് ഇദ്ദേഹം അർമേനിയൻ സഭാ അധ്യക്ഷനായത്.
1934 നവംബർ 15ന് സിറിയയിലെ ആലെപ്പോയിലാണു പാത്രിയർക്കീസ് ഗാബ്രോയാൻ ജനിച്ചത്. 1915ൽ ഉണ്ടായ വംശഹത്യയെത്തുടർന്ന് തുർക്കിയിൽനിന്നു പലായനം ചെയ്തവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1938ൽ കുടുംബം ലബനനിൽ താമസമാക്കി. 1959ൽ വൈദികനായി. 1977ൽ മെത്രാനായി അഭിഷിക്തനായി. 2013ൽ വിരമിച്ചു. 2015ൽ പാത്രിയർക്കീസ് നെർസെസ് ബെദ്രോസ് തർമൂനി പത്തൊന്പതാമന്റെ പിൻഗാമിയായി അർമേനിയൻ കത്തോലിക്കാ സഭാ തലവനായി. എൺപതാം വയസിലായിരുന്നു ഈ സ്ഥാനത്തെത്തിയത്. എക്യുമെനിസത്തിനായി നിലകൊണ്ടയാളായിരുന്നു പാത്രിയർക്കീസ് ഗാബ്രോയാൻ. സാർവ്വത്രിക കത്തോലിക്കാ സഭാ കൂട്ടായ്മയിലെ 23 പൗരസ്ത്യ സഭകളിലൊന്നാണ് അർമേനിയൻ കത്തോലിക്കാ സഭ.