ചരക്കുകപ്പൽ അപകടം: മലിനീകരണം തടയാൻ നടപടി സ്വീകരിക്കും
Friday, May 28, 2021 12:58 AM IST
കൊളംബോ: ശ്രീലങ്കയിലെ കൊളംബോ ബീച്ചിനു സമീപത്തുവച്ച് തീപിടിച്ച ചരക്കുകപ്പൽ കടലിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും കടലിൽ എണ്ണ പടരുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. എംവി എക്സ്പ്രസ് പേൾ എന്ന സിംഗപ്പൂർ ചരക്കുകപ്പലിനാണ് കഴിഞ്ഞയാഴ്ച കൊളംബോ തുറമുഖത്തിനു സമീപത്തുവച്ച് തീപിടിച്ചത്.
ഗുജറത്തിലെ ഹസീരയിൽനിന്ന് സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുമായി കൊളംബോ തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പൽ. തുറമുഖത്തിനു പുറത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് മേയ് 20 ആണ് തീപിടിച്ചത്. കപ്പലിനു തീപിടിച്ചതോടെ ഇന്ത്യക്കാരുൾപ്പെടെയുള്ള 25 ജീവനക്കാരെ രക്ഷപ്പെടുത്തി.
അപകടം മൂലമുണ്ടായ പാരിസ്ഥിതികാഘാതത്തിനു നടപടി സ്വീകരിക്കുമെന്ന് ലങ്കൻ സമുദ്ര പരിസ്ഥിതി സംരക്ഷണ അഥോറിറ്റി (എംഇപിഎ) പറഞ്ഞു. കപ്പലിൽനിന്ന് എണ്ണച്ചോർച്ചയുണ്ടാകുന്പോൾ അതു നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി എംഇപിഎ അറിയിച്ചു. ഇന്ധനടാങ്കിൽ 325 മെട്രിക് ടൺ ഇന്ധനവും 1,486 കണ്ടെയ്നറുകളിലായി 25 ടൺ നൈട്രിക് ആസിഡും കപ്പലിലുണ്ട്.