പട്ടാളഭരണം; മ്യാൻമറിൽ കൊല്ലപ്പെട്ടത് 75 കുട്ടികളെന്നു യുഎൻ
Saturday, July 17, 2021 12:18 AM IST
യാങ്കോൺ: മ്യാൻമറിലെ പട്ടാളഭരണകൂടം കുട്ടികളുടെ അന്തകരാകുന്നതായി യുഎൻ ബാലാവകാശ കമ്മിറ്റി. ഫെബ്രുവരിയിൽ പട്ടാളം അധികാരം പിടിച്ചശേഷം 75 കുട്ടികളാണു കൊല്ലപ്പെട്ടത്. ആയിരത്തോളം കുട്ടികൾ അറസ്റ്റിലായതായും കമ്മിറ്റി അധ്യക്ഷ മികികോ ഒട്ടാനി പ്രസ്താവനയിൽ പറഞ്ഞു.
പട്ടാളഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്ന ജനങ്ങളെ നേരിടുന്ന സുരക്ഷാഭടന്മാർ കുട്ടികളോടു ദയ കാണിക്കുന്നില്ല. പ്രകോപനമില്ലാതെ വെടിവച്ചുകൊല്ലുന്നതും പ്രക്ഷോഭകരെ സഹായിക്കുന്ന മാതാപിതാക്കളെ സമ്മർദത്തിലാക്കാൻ കുട്ടികളെ തടവിലാക്കുന്നതും വ്യാപകമാണ്. ചില കുട്ടികൾ സ്വന്തം വീട്ടിൽവച്ചാണു കൊല്ലപ്പെട്ടത്.
കുട്ടികൾക്ക് സകൂൾ, ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല. ഗ്രാമീണ മേഖലകളിൽ കുട്ടികൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കാത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി.