അഫ്ഗാനിൽനിന്നുള്ള ആദ്യസംഘത്തെ യുഎസിൽ എത്തിച്ചു
Saturday, July 31, 2021 12:55 AM IST
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ അമേരിക്കയ്ക്കൊപ്പം പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരുടെ ആദ്യസംഘത്തെ യുഎസിൽ എത്തിച്ചു. യുഎസിനൊപ്പം പ്രവർത്തിച്ചവരെ അമേരിക്കയിൽ പുനരധിവസിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനമാണു വെള്ളിയാഴ്ച ലാൻഡ് ചെയ്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇവരെ സ്വാഗതം ചെയ്തു.
യുഎസ് ഉദ്യോഗസ്ഥർക്കൊപ്പം പരിഭാഷകരായും മറ്റും പ്രവർത്തിച്ച അഫ്ഗാൻ സ്വദേശികൾക്കാണ് അഭയം നൽകുന്നത്. താലിബാൻ നിയന്ത്രണം ഏറ്റെടുത്താൽ തിരിച്ചടിയുണ്ടാകുമെന്നു കരുതിയാണു നീക്കം. ഈ വർഷം അവസാനത്തോടെ അഫ്ഗാനിസ്ഥാനിലുള്ള യുഎസ് സൈന്യം പൂർണമായും പിൻവാങ്ങും. 57 കുട്ടികളും 15 ശിശുക്കളും ഉൾപ്പെടെ 221 അഫ്ഗാൻ പൗരന്മാരാണ് ആദ്യ വിമാനത്തിൽ ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.