എണ്ണക്കപ്പൽ ആക്രമണം: ഇറാൻ-യുകെ നയതന്ത്ര യുദ്ധം
Monday, August 2, 2021 11:34 PM IST
ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ എണ്ണക്കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഇറാൻ-യുകെ നയതന്ത്ര യുദ്ധം. സംഭവത്തിൽ ഇറാൻ അംബാസഡറെ യുകെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. യുകെയുടെ നടപടിക്കു പിന്നാലെ, ഇറാനിലെ യുകെ അംബാസഡറെ ഇറാൻ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.
ഇസ്രേലി ശതകോടീശ്വരൻ ഇയാൽ ഓഫെറിന്റെ കന്പനിക്കു കീഴിലുള്ള മെർസൽ സ്ട്രീറ്റ് എന്ന എണ്ണക്കപ്പലിനു നേർക്കു വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ ബ്രിട്ടീഷ് പൗരനാണ്.
ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നും തക്ക തിരിച്ചടി നൽകുമെന്നും ഇസ്രേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.