കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോയ്ക്കു നേർക്കു കല്ലേറ്
Wednesday, September 8, 2021 12:19 AM IST
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെ കല്ലേറിനിരയായി. ചെറുകല്ലുകൾ അദ്ദേഹത്തിന്റെ ദേഹത്തു പതിച്ചെങ്കിലും പരിക്കില്ല. ഒന്റാറി യോയിലെ ലണ്ടനിൽ ഒരു ഷോപ്പ് സന്ദർശിച്ചശേഷം വാഹനത്തിൽ കയറാനൊരുങ്ങുന്നതിനിടെയായിരുന്നു സംഭവം. രണ്ടു മാധ്യമപ്രവർത്തകരുടെ ദേഹത്തും കല്ല് പതിച്ചെങ്കിലും പരിക്കില്ല.
അധികാരം നിലനിർത്താൻ ലക്ഷ്യമിട്ട് ജസ്റ്റിൻ ട്രൂഡോ 20ന് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹം ഏർപ്പെടുത്തിയ ശക്തമായ കോവിഡ് നിയന്ത്രണങ്ങളും വാക്സിനേഷൻ പദ്ധതികളും ജനങ്ങൾക്കിഷ്ടപ്പെട്ടിട്ടില്ല. ഒരാഴ്ച മുന്പ് ജനകീയപ്രതിഷേധം മൂലം ട്രൂഡോയ്ക്കു തെരഞ്ഞെടുപ്പുറാലി മാറ്റിവയ്ക്കേണ്ടിവന്നു.
വാക്സിൻ വിതരണത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണു കാനഡ.
പ്രധാനമന്ത്രിക്കും മാധ്യമപ്രവർത്തകർക്കും നേർക്കു കല്ലേറുണ്ടായതിനെ പ്രതിപക്ഷനേതാക്കൾ അപലപിച്ചു.