മുല്ല മുഹമ്മദ് ഹസൻ താലിബാന്റെ സ്ഥാപകരിൽ ഒരാൾ; ഹിബത്തുള്ളയുടെ വിശ്വസ്തൻ
Wednesday, September 8, 2021 12:19 AM IST
കാബൂൾ: അഫ്ഗാനിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിതനായ മുല്ല മുഹമ്മദ് ഹസൻ അഖുണ്ഡ് താലിബാന്റെ സ്ഥാപകനേതാക്കളിലൊരാളാണ്.
അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് താലിബാനും ഹാഖാനി ശൃംഖലയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അത്ര പ്രസിദ്ധനല്ലാത്ത മുഹമ്മദ് ഹസൻ അഖുണ്ഡിനെ പ്രധാനമന്ത്രിയാക്കിയതെന്നു സൂചനയുണ്ട്. പ്രശ്നപരിഹാരത്തിനായി ഐഎസ്ഐ മേധാവി കഴിഞ്ഞയാഴ്ച കാബൂളിലെത്തിയപ്പോൾ ഇയാളും ചർച്ചയ്ക്കുണ്ടായിരുന്നു.
കാണ്ഡഹാർ സ്വദേശിയായ മുഹമ്മദ് ഹസൻ, താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുണ്ഡ്സാദയുടെ വിശ്വസ്തനുമാണ്. ഇരുപതു വർഷമായി താലിബാൻ നേതൃസമിതിയായ റഹ്ബാരി ഷൂരയുടെ അധ്യക്ഷനാണ്.
മുൻ താലിബാൻ ഭരണകൂടത്തിൽ(1996-2001) വിദേശകാര്യമന്ത്രി, ഡെപ്യൂട്ടി പ്രധാനമന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ തീവ്രവാദപട്ടികയിൽ ഉൾപ്പെട്ടയാളാണ്.