താലിബാൻ സർക്കാർ: ആശങ്ക പ്രകടിപ്പിച്ച് യുഎസും യൂറോപ്യൻ യൂണിയനും
Wednesday, September 8, 2021 11:15 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ രൂപീകരിച്ച ഇടക്കാല സർക്കാരിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസും യുറോപ്യൻ യൂണിയനും. സർക്കാരിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പഞ്ച്ശീർ താഴ്വരയിൽ താലിബാനെ നേരിടുന്ന എൻആർഎഫ് മുന്നണിയും രംഗത്തുവന്നു.
ഗോത്രവിഭാഗങ്ങളെയും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെയും ഉൾപ്പെടുത്തി സമഗ്ര സർക്കാർ രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കാൻ താലിബാനു കഴിഞ്ഞിട്ടില്ല. മന്ത്രിമാരെല്ലാം താലിബാനിലെയും ഹാഖാനി ശൃംഖലയിലെയും തീവ്രനിലപാടുകാരാണ്.
പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അകുണ്ഡ് ഐക്യരാഷ്ട്രസഭയുടെ കരിന്പട്ടികയിൽ പെട്ടയാളാണ്. ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹാഖാനി അമേരിക്കയുടെ ഭീകരപട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.
മന്ത്രിസഭയിലെ ചിലരുടെ പശ്ചാത്തലം ആശങ്ക ജനിപ്പിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. സമഗ്രസർക്കാരെന്ന വാഗ്ദാനം പാലിക്കുന്നതിൽ താലിബാൻ പരാജയപ്പെട്ടതായി യൂറോപ്യൻ യൂണിയനും പ്രതികരിച്ചു.
താലിബാനു ജനങ്ങളോടുള്ള ശത്രുത കൂടുതൽ വ്യക്തമാക്കുന്നതാണ് പുതിയ സർക്കാരെന്ന് പഞ്ച്ശീറിലെ എൻആർഎഫ് മുന്നണി പറഞ്ഞു.