13 മാസത്തിനുശേഷം ലബനനിൽ സർക്കാർ
Saturday, September 11, 2021 12:10 AM IST
ബെയ്റൂട്ട്: പതിമൂന്നു മാസത്തിനുശേഷം ലബനനിൽ പുതിയ സർക്കാർ നിലവിൽവന്നു. ശതകോടീശ്വരനായ നജീബ് മിക്കാത്തിയാണു പ്രധാനമന്ത്രി. മിക്കാത്തിയുടെ സർക്കാരിനെ നിയമിക്കുന്ന ഉത്തരവിൽ പ്രസിഡന്റ് മിഷേൽ ഔൺ ഒപ്പുവച്ചു. മിക്കാത്തി പാർലമെന്റിൽ വിശ്വാസവോട്ടു തേടും.
2020 ഓഗസ്റ്റിലെ ബെയ്റൂട്ട് സ്ഫോടനത്തിനു പിന്നാലെ ഹസൻ ദിയാബ് മന്ത്രിസഭ രാജിവച്ചതോടെയാണു ലബനിൽ ഭരണകൂടം ഇല്ലാതായത്. മുൻ പ്രധാനമന്ത്രി സാദ് ഹരീരിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ ശ്രമം നടന്നുവെങ്കിലും പ്രസിഡന്റ് ഔണുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് ഹരീരി പിൻവാങ്ങി.
തുടർന്നാണ് ലബനനിലെ ഏറ്റവും വലിയ സന്പന്നരിലൊരാളും ട്രിപ്പോളിയിൽനിന്നുള്ള എംപിയുമായ മിക്കാത്തിയെ പ്രധാനമന്ത്രിയാക്കിയത്.
കടുത്ത സാന്പത്തികപ്രതിസന്ധിയിലാണ് ലബനൻ. രണ്ടു വർഷത്തിനിടെ രാജ്യത്തെ കറൻസിയുടെ മൂല്യം 90 ശതമാനവും ഇടിഞ്ഞു. പെട്രോൾ, ഡീസൽ, മരുന്നുകൾ തുടങ്ങിയവയുടെ അഭാവം രൂക്ഷമായി അനുഭവപ്പെടുന്നു. ജനസംഖ്യയുടെ മൂന്നിലൊന്നും പട്ടിണിയിലാണെന്നാണ് ഐക്യരാഷ്്ട്രസഭ അടുത്തിടെ അറിയിച്ചത്.