ചൈനയിൽ ഭൂചലനം; മൂന്നു മരണം
Thursday, September 16, 2021 11:56 PM IST
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്വാൻ പ്രവിശ്യയെ പിടിച്ചുലച്ച അതിശക്തമായ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു. റിക്ടർ സ്കെയിയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലർച്ചെയാണ് അനുഭവപ്പെട്ടത്. അറുപതോളം പേർക്കു പരിക്കേറ്റതിനു പുറമേ 730 വീടുകൾ ഭൂചലനത്തിൽ തകർന്നു. 7,290 വീടുകൾക്ക് കേടുപാടുപറ്റി.
യോങ്ച്വാൻ ജില്ലയിൽ നിന്ന് 52 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മരങ്ങൾ കടപുഴകിയും മറ്റുമാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. 6,900 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിപാർപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു. നഗരമേഖലയിലെ വീടുകളുടെ മതിലുകൾ ഭൂരിഭാഗവും നിലംപതിച്ചു. വൈദ്യുതിബന്ധവും താറുമാറായി. കനത്ത മഴ തുടരുന്നതിനാൽ തകർന്നവീടുകൾക്കുള്ളിൽ പരിശോധന തുടരുകയാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
ജപ്പാനിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ഇഷികാവോ മേഖലയിൽ അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിയിൽ 5.2 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഇന്നലെ രാവിലെ 6:42നുണ്ടായ ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.