അഫ്ഗാൻ പ്രശ്നത്തിൽ ജയശങ്കറിന്റെ തിരക്കിട്ട ചർച്ചകൾ
Saturday, September 18, 2021 11:51 PM IST
ദുഷാംബെ: അഫ്ഗാൻ പ്രശ്നത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തിരക്കിട്ട ചർച്ചകളിൽ. ഇറാൻ, അർമേനിയ, ഉസ്ബക്കിസ്ഥാൻ വിദേശകാര്യമന്ത്രിമാരുമായി അദ്ദേഹം വിഷയം ചർച്ച ചെയ്തു.
താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാംബെയിൽ നടക്കുന്ന ഇരുപതാമത് ഷാംഗ്ഹായ് സഹകരണ സമിതി വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയശങ്കർ. മധ്യേഷ്യ നേരിടുന്ന വെല്ലുവിളികളും ഉഭയകക്ഷി സഹകരണം വർധിപ്പിക്കലും ചർച്ചയിൽ ഇടംപിടിച്ചു.
ഇറേനിയൻ വിദേശകാര്യമന്ത്രി ഹുസെയ്ൻ അമീർ അബ്ദുള്ളാഹി, അർമേനിയൻ മന്ത്രി അരാരത് മിർസോയാൻ, ഉസ്ബക്കിസ്ഥാന്റെ അബ്ദുൾ അസീസ് കാമിലോവ് എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നുവെന്ന് ജയശങ്കർ ട്വീറ്റ് ചെയ്തു. ഉഭയകക്ഷി ബന്ധം വിലയിരുത്തുകയും ശക്തിപ്പെടുത്തുന്നതിനു നടപടികളെടുക്കാൻ ധാരണയാവുകയും ചെയ്തു. അഫ്ഗാനിസ്ഥാനായിരുന്നു പ്രധാന ചർച്ചാവിഷയമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അഫ്ഗാൻ വിഷയത്തിൽ ഷാംഗ്ഹായ് സഹകരണ സമിതി രാഷ്ട്ര നേതാക്കൾ നടത്തുന്ന ചർച്ചയിലും ജയശങ്കർ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വെർച്വലായി ഉച്ചകോടിയെ അഭിസംബോധന ചെയ്തിരുന്നു. മധ്യേഷ്യയുടെ വളർച്ചയ്ക്ക് തീവ്രവാദം നേരിടുന്നതിനു പ്രാധാന്യം നല്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
റഷ്യ, ചൈന, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് 2001ലാണ് ഷാംഗ്ഹായ് സഹകരണ സമിതി രൂപീകരിച്ചത്. 2017ൽ ഇന്ത്യയെയും പാക്കിസ്ഥാനെയും സ്ഥിരാംഗങ്ങളാക്കി.