സ്പേസ് സക്സസ്; ബഹിരാകാശ ടൂറിസ്റ്റുകൾ മടങ്ങിയെത്തി
Monday, September 20, 2021 12:09 AM IST
മയാമി: സ്പേസ് എക്സ് കന്പനിയുടെ പ്രഥമ ബഹിരാകാശ ടൂറിസം സംരംഭത്തിന്റെ ഭാഗമായ നാലു യാത്രികർ മൂന്നു ദിവസം ഭൂമിയെ ചുറ്റിയശേഷം തിരിച്ചെത്തി. ഇവരുടെ ഡ്രാഗൺ കാപ്സ്യൂൾ പേടകം ശനിയാഴ്ച വൈകുന്നേരം പാരഷൂട്ടിന്റെ സഹായത്തോടെ ഫ്ലോറിഡയോടടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.
ശതകോടീശ്വരനായ ജാരദ് ഐസക്സൺ(38), ആരോഗ്യപ്രവർത്തക ഹെയ്ലി ആർസെനോക്സ്(29), ഡേറ്റാ എൻജിനിയറായി ജോലി ചെയ്യുന്ന ക്രിസ് സെബ്രോസ്കി(42), കോളജ് അധ്യാപകനായ സിയാൻ പ്രോക്ടർ(51) എന്നിവരാണ് വിജയകരമായി ബഹിരാകാശയാത്ര പൂർത്തിയാക്കി തിരിച്ചെത്തിയത്. ഐസക്സൺ ആണു മറ്റുള്ളവരുടെ ചെലവ് വഹിച്ചത്.
ബുധനാഴ്ച രാത്രി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു ഫാൽക്കൺ റോക്കറ്റിന്റെ സഹായത്തോടെ ഉയർന്ന ഡ്രാഗൺ കാപ്സ്യൂൾ യാത്രികർ ഭൂമിയിൽനിന്ന് 585 കിലോമീറ്റർ ഉയരത്തിലാണു മൂന്നു ദിവസം ചെലവഴിച്ചത്. പ്രഫഷണൽ ബഹിരാകാശ യാത്രികരല്ലാത്തവർ ഭൂമിയെ ചുറ്റുന്നത് ഇതാദ്യമാണ്. ദിവസം 15 തവണയിലധികം ഇവർ ഭൂമിയെ ചുറ്റി.