കോവിഡ് യാത്രാനിയന്ത്രണം: ഇളവുകൾ പ്രഖ്യാപിച്ച് യുഎസ്
Monday, September 20, 2021 11:27 PM IST
വാഷിംഗ്ടൺ: കോവിഡിനെത്തുടർന്ന് യുഎസിൽ പതിനെട്ടുമാസമായി തുടർന്ന കർക്കശമായ യാത്രാവിലക്കുകളിൽ നവംബർ ആദ്യത്തോടെ ഇളവ് അനുവദിക്കാൻ ജോ ബൈഡൻ ഭരണകൂടം തീരുമാനിച്ചു.
പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവർക്ക് നവംബർ മുതൽ യുഎസിലേക്ക് യാത്രചെയ്യാം.
കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചതിന്റെ രേഖകൾ യാത്ര തുടങ്ങുംമുന്പേ സമർപ്പിക്കണം. മൂന്നു ദിവസത്തിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്ന് വൈറ്റ് ഹൗസിലെ കോവിഡ് 19 ഏകോപനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രതിരോധകുത്തിവയ്പ് പൂർത്തിയായവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ വിവരങ്ങൾ വിമാനക്കന്പനികൾ ശേഖരിക്കണമെന്നും നിർദേശമുണ്ട്.