അട്ടിമറിശ്രമം പരാജയപ്പെടുത്തിയെന്ന് സുഡാൻ സർക്കാർ
Wednesday, September 22, 2021 12:47 AM IST
ഖാർത്തൂം: പുറത്താക്കപ്പെട്ട പ്രസിഡന്റ് ഒമർ അൽ ബഷീറിന്റെ പിന്തുണയ്ക്കുന്ന പട്ടാള ഉദ്യോഗസ്ഥരും സിവിലിയന്മാരും ചേർന്നു നടത്തിയ അട്ടിമറിശ്രമം പരാജയപ്പെടുത്തിയതായി സുഡാനിൽ ഇടക്കാലഭരണം നടത്തുന്ന പട്ടാള-സിവിലിയൻ സമിതി അറിയിച്ചു.
അട്ടിമറിക്കു നേതൃത്വം നല്കിയ നാല്പതിലധികം പേരെ അറസ്റ്റ് ചെയ്തതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ബഷീറിന്റെ കാലത്തെ പട്ടാള ഉദ്യോഗസ്ഥരും സിവിലിയന്മാരുമാണ് ഇവരെന്നു സൂചനകളുണ്ട്. വിമത സൈനികർ മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സും ഗവൺമെന്റ് ഓഫീസുകളും പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ടുകളിൽ പറയുന്നത്.