സിഐഎ ഉദ്യോഗസ്ഥന് ഇന്ത്യയിൽവച്ച് ഹവാന സിൻഡ്രോം
Wednesday, September 22, 2021 12:47 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ചാരസംഘടനയായ സിഐഎയിലെ ഉദ്യോഗസ്ഥന് ഇന്ത്യയിൽവച്ച് ഹവാന സിൻഡ്രോം അനുഭവപ്പെട്ടു. ഈ മാസം സിഐഎ ഡയറക്ടർ വില്യം ബേൺസിനൊപ്പം ഇന്ത്യ സന്ദർശിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിചിത്രമായ അജ്ഞാതശബ്ദം കേൾക്കുകയും തുടർന്ന് തലച്ചോറിനു ക്ഷതം ഏൽക്കുന്നതടക്കം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതുമാണു ഹവാന സിൻഡ്രോം. 2016 അവസാനം ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ അമേരിക്കൻ, കനേഡിയൻ നയതന്ത്ര, ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഈ പ്രതിഭാസം ആദ്യമായി നേരിട്ടത്. ശത്രുരാജ്യങ്ങളാണ് ഇതിനു പിന്നിലെന്ന് അഭ്യൂഹമൂണ്ട്.
ഇന്ത്യയിൽവച്ച് ഹവാന സിൻഡ്രോം നേരിട്ട ഉദ്യോഗസ്ഥന് അമേരിക്കയിൽ ചകിത്സ നല്‍കിയതായാണു റിപ്പോർട്ടുകളിൽ പറയുന്നത്. സംഭവത്തെ അമേരിക്ക അതീവ ഗൗരവമായിട്ടാണു കാണുന്നത്.
അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനാണു സിഐഎ മേധാവി ഇന്ത്യയിലെത്തിയത്. പരിപാടിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.
ശത്രുരാജ്യങ്ങളാണ് ഇന്ത്യയിലെ ഹവാന സിൻഡ്രോമിനു പിന്നിൽ പ്രവർത്തിച്ചതെങ്കിൽ അവർക്ക് സിഐഎ മേധാവിയുടെ സന്ദർശന പരിപാടി എങ്ങനെ ചോർന്നുകിട്ടിയെന്നതും ആശങ്ക സൃഷ്ടിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ചാരസംഘടനയുടെ മേധാവി പോലും സുരക്ഷിതനല്ലെന്ന സന്ദേശം നല്കാനായിരിക്കാം ശത്രുരാജ്യം ശ്രമിച്ചതെന്ന് അനുമാനിക്കുന്നു.
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസിന്റെ വിയറ്റ്നാം സന്ദർശനത്തിനു മുന്നോടിയായി ഹനോയിയിൽവച്ച് രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർക്കു ഹവാന സിൻഡ്രോം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
ഇന്ത്യയിൽ ഹവാന സിൻഡ്രം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്.