താലിബാൻ ഭീകരർ മൃതദേഹം കെട്ടിത്തൂക്കി പ്രദർശിപ്പിച്ചു
Saturday, September 25, 2021 11:01 PM IST
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് നഗരത്തിൽ താലിബാൻ ഭീകരർ മൃതദേഹം കെട്ടിത്തൂക്കി പ്രദർശിപ്പിച്ചതായി റിപ്പോർട്ട്. ദൃക്സാക്ഷിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയാണ് ഇതു റിപ്പോർട്ട് ചെയ്തത്.
നഗരത്തിലെ പ്രധാന ചത്വരത്തിൽ ക്രെയിനിലാണ് മൃതദേഹം കെട്ടിത്തൂക്കിയത്. നാലു മൃതദേങ്ങളുമായാണ് ഭീകരർ എത്തിയതെന്നും മൂന്നെണ്ണം മറ്റു ചത്വരങ്ങളിൽ പ്രദർശിപ്പിക്കാൻ കൊണ്ടുപോയെന്നും ദൃക്സാക്ഷി പറഞ്ഞു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പോലീസ് വെടിവച്ചുകൊന്നവരാണ് ഇവരെന്ന് താലിബാൻ ഭീകരർ പറഞ്ഞു.
വധശിക്ഷയും കൈവെട്ടലും അടക്കമുള്ള ശിക്ഷകൾ അഫ്ഗാനിസ്ഥാനിൽ പുനഃസ്ഥാപിക്കുമെന്ന് താലിബാന്റെ ജയിൽവകുപ്പു മന്ത്രി മുല്ലാ നൂറുദ്ദീൻ തുറാബി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, ശിക്ഷകൾ പരസ്യമായി നടത്തില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ച താലിബാൻകാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സ്ത്രീകളെ ജോലിസ്ഥലങ്ങളിൽനിന്നും മാറ്റിനിർത്തുന്നുമുണ്ട്.