യുഎൻ സ്ഥിരാംഗത്വം: ഇന്ത്യക്കു ബൈഡന്റെ പിന്തുണ
Saturday, September 25, 2021 11:44 PM IST
വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്കു സ്ഥിരാംഗത്വം ലഭിക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആണവദാതാക്കളുടെ സംഘത്തിൽ(എൻഎസ്ജി) ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിനെ പിന്താങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ്ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്കുശേഷം ബൈഡൻ ഉറപ്പുനല്കി.
യുഎൻ സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ ശക്തമായ നേതൃപാടവത്തെ യുഎസ്-ഇന്ത്യ സംയുക്ത പ്രസ്താവനയിലൂടെ ബൈഡൻ പ്രകീർത്തിച്ചു. ബൈഡന്റെ പ്രസ്താവനയോടെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് ആക്കം കൂടിയിട്ടുണ്ട്. നിലവിൽ റഷ്യ, യുകെ, ചൈന, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങൾ.
പത്ത് രാജ്യങ്ങളെ രണ്ടുവർഷക്കാലത്തേക്ക് യുഎൻ ജനറൽ അസംബ്ലി ചേർന്ന് സുരക്ഷാ കൗൺസിലിലേക്കു തെരഞ്ഞെടുക്കുന്നതാണു പതിവ്. മറ്റു രാജ്യങ്ങൾക്കു സ്ഥിരാംഗത്വം നല്കാൻ ഈ രാജ്യങ്ങൾക്കു തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിക്കാം.
ആണവദാതാക്കളുടെ സംഘത്തിൽ 48 രാജ്യങ്ങളുണ്ട്. യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനുവേണ്ടി 2016 മുതൽ ഇന്ത്യ ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാൽ, ആണവ നിർവ്യാപന കരാറിൽ ഒപ്പുവച്ച രാഷ്ട്രങ്ങളെ മാത്രമേ സ്ഥിരാംഗത്വത്തിനായി പരിഗണിക്കേണ്ടതുള്ളൂ എന്നാണ് ചൈനയുടെ നിലപാട്.
ഇന്ത്യയും പാക്കിസ്ഥാനും ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പുവച്ചിട്ടില്ല. പാക്കിസ്ഥാനും 2016 മുതൽ യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വത്തിനുവേണ്ടി ശ്രമിക്കുന്നുണ്ട്.
ബൈഡൻ ഭരണകൂടം ഇന്ത്യക്കു സ്ഥിരാംഗത്വം നല്കുന്നതിനെ പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് കഴിഞ്ഞമാസം പത്രസമ്മേളനത്തിൽ ബൈഡന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്കൊപ്പം പ്രവർത്തിക്കുന്നതിൽ അമേരിക്കയ്ക്കു താത്പര്യമുണ്ടെന്നായിരുന്നു നെഡ് പ്രൈസിന്റെ പ്രസ്താവന.
മറ്റൊരു രാജ്യത്തിനെതിരേ തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കില്ലെന്ന താലിബാൻ ഭരണകൂടത്തിന്റെ ഉറപ്പ് പാലിക്കണമെന്നും ഇരുനേതാക്കളും ചർച്ചയിൽ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ സമാധാനപൂർണമായ ഭാവിക്ക് യോജിച്ചു പ്രവർത്തിക്കാൻ ഇരുനേതാക്കളും സമ്മതിക്കുകയും ചെയ്തു.