ഐസ്ലൻഡിൽ ഭരണസഖ്യം വിജയിച്ചു; തുടരുമെന്നുറപ്പില്ല
Sunday, September 26, 2021 10:34 PM IST
റെയ്ക്ക്യാവിക്: ഐസ്ലൻഡിൽ ശനിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഭരണസഖ്യം വിജയിക്കുമെന്നു സൂചന. എന്നാൽ സഖ്യം തുടരാനുള്ള സാധ്യത വിരളമാണെന്നും പ്രധാനമന്ത്രി കാത്രിൻ യാക്കോബ്സ്ഡോട്ടിറിനു പദവി നഷ്ടമായേക്കാമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കാത്രിന്റെ ഇടതുപക്ഷ ഗ്രീൻ പാർട്ടി, യാഥാസ്ഥിതിക നിലപാടുകളുള്ള ഇൻഡിപെൻഡൻസ് പാർട്ടി, വലതുപക്ഷ പ്രോഗ്രസീവ് പാർട്ടി എന്നിവരുടെ സഖ്യമാണു നാലു വർഷം ഭരിച്ചത്. 63 അംഗ പാർലമെന്റിൽ മൂന്നു പാർട്ടികളും കൂടി 38 സീറ്റുകൾ നേടുമെന്നാണു സൂചന.
അതേസമയം, കാത്രിന്റെ പാർട്ടിയുടെ പ്രകടനം മങ്ങി. 2017ൽ 11 സീറ്റുകൾ നേടിയ ഗ്രീൻ പാർട്ടി ഇക്കുറി പത്തിലൊതുങ്ങിയേക്കും. മൊത്തം ഒന്പതു പാർട്ടികൾ പാർലമെന്റിലേക്കു ജയിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മാറിയ സാഹചര്യത്തിൽ ഭരണസഖ്യം തുടരുമോയെന്നതിൽ വ്യക്തതയില്ല.