ഇസ്രേലി സേന നാലു പലസ്തീൻകാരെ വധിച്ചു
Sunday, September 26, 2021 10:34 PM IST
രമല്ല: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജറുസലെം, ജനിൻ മേഖലകളിൽ ഇസ്രേലി സൈന്യം നടത്തിയ റെയ്ഡിൽ നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലുകളിൽ രണ്ട് ഇസ്രേലി സൈനികർക്കു പരിക്കേറ്റു. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകളെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജറുസലെമിന്റെ വടക്കുപടിഞ്ഞാറ് ബിദ്ദു ഗ്രാമത്തിൽ മൂന്നു പേരും തെക്കുപടിഞ്ഞാറൻ ജനിനിലെ ബുർഖ്വിൻ ഗ്രാമത്തിൽ ഒരാളുമാണു കൊല്ലപ്പെട്ടതെന്നു പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചാമതൊരാൾകൂടി മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ഇസ്രേലി സേന വീടുകൾ വളഞ്ഞതിനെത്തുടർന്നുള്ള ഏറ്റുമുട്ടലിലാണ് മരണങ്ങളെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മരിച്ചവരിലൊരാൾ ബിർസെയ്ത്തിലെ പലസ്തീൻ മ്യൂസിയത്തിൽ ജോലിക്കാരനായിരുന്നുവെന്നു മ്യൂസിയം അധികൃതർ പറഞ്ഞു.