ഹെയ്തിയിൽ ബന്ദികളാക്കിയ മിഷനറിമാരുടെ മോചനത്തിന് ആവശ്യപ്പെട്ടത് 1.7 കോടി ഡോളർ
Thursday, October 21, 2021 1:37 AM IST
പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറി കുടുംബങ്ങളുടെ മോചനത്തിനായി 1.7 കോടി ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു.
ക്രിസ്റ്റ്യൻ എയ്ഡ് മിനിസ്ട്രീസിനുവേണ്ടി ഹെയ്തി തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിൽ സേവനം ചെയ്തിരുന്നവരെയാണു ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്. 16 അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനും ഉൾപ്പെടുന്ന ഇവരുടെ കൂട്ടത്തിൽ എട്ടുമാസവും മൂന്ന്, ആറ്, 14, 15 വയസും പ്രായമുള്ള കുട്ടികളുമുണ്ട്. പോർട്ടോ പ്രിൻസ് പ്രാന്തത്തിൽ ശക്തമായ സാന്നിധ്യമുള്ള ‘400 മാവോസോ’ എന്ന ക്രിമിനൽ സംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ. ഒരാൾക്ക് 10 ലക്ഷം ഡോളർവച്ചാണ് മോചനദ്രവ്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രിലിൽ അഞ്ചു പുരോഹിതരെയും രണ്ടു കന്യാസ്ത്രീകളെയും ഈ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവർ മോചിതരായെങ്കിലും സംഘം ആവശ്യപ്പെട്ട പത്തു ലക്ഷം ഡോളർ നല്കിയോ എന്നതിൽ വ്യക്തതയില്ല.
ഇതിനിടെ, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ വ്യാപകമായതിനെതിരേ ഹെയ്തി ജനത ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തി.