സൈനിക അട്ടിമറി: സുഡാനിൽ വ്യാപക പ്രതിഷേധം
Wednesday, October 27, 2021 12:47 AM IST
കയ്റോ: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ആക്ടിംഗ് പ്രധാനമന്ത്രിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചതിൽ പ്രതിഷേധവുമായി ജനാധിപത്യവാദികൾ.
പ്രതിഷേധക്കാർ തലസ്ഥാനത്തു ബാരിക്കേഡുകൾ ഉയർത്തുകയും ടയർ കത്തിക്കുകയും ചെയ്തു. ഖാർത്തൂമിലെ തെരുവുകൾ ജനാധിപത്യവാദികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
പ്രതിഷേധക്കാർക്കുനേരേ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെടുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സൈന്യം അറസ്റ്റ് ചെയ്ത പ്രധാനമന്ത്രിയെയും മുതിർന്ന നേതാക്കളെയും ഖാർത്തൂമിലെ സൈനിക ക്യാന്പിലാണു പാർപ്പിച്ചിരിക്കുന്നത്.
ജനാധിപത്യത്തിലേക്കുള്ള സുഡാന്റെ രണ്ടു വർഷത്തെ യാത്രയെ തടസപ്പെടുത്തുന്നതാണു സൈനിക അട്ടിമറിയെന്ന് വിലയിരുത്തപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി, അടച്ചിട്ട മുറിക്കുള്ളിൽ വിഷയം ചർച്ച ചെയ്തു. അട്ടിമറിയെ അപലപിച്ച പാശ്ചാത്യ രാജ്യങ്ങൾ പ്രധാനമന്ത്രി അബ്ദള്ള ഹംദോകിനെയും മറ്റ് ഉദ്യോഗസ്ഥരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
സുഡാനു നൽകിവരുന്ന 700 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം അമേരിക്ക താത്കാലികമായി നിർത്തിവച്ചു. ജനാധിപത്യഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി അടുത്ത ശനിയാഴ്ച കൂറ്റൻ മാർച്ച് നടത്താൻ പ്രക്ഷോഭകർ തീരുമാനിച്ചിട്ടുണ്ട്.