യുഎസ്-ചൈന ധാരണ: മാധ്യമപ്രവർത്തകർക്കു നിയന്ത്രണങ്ങൾ നീക്കും
Thursday, November 18, 2021 12:53 AM IST
വാഷിംഗ്ടൺ ഡിസി: മാധ്യമപ്രവർത്തകർക്കുള്ള വീസ, യാത്രാ നിയന്ത്രണങ്ങളിൽ പരസ്പരം ഇളവു നല്കാൻ യുഎസും ചൈനയും ധാരണയായി. കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു തീരുമാനം.
ചൈനയിലെയും അമേരിക്കയിലെയും മാധ്യമപ്രവർത്തകർക്കു പരസ്പരം രാജ്യങ്ങൾ സന്ദർശിക്കുന്നതിനു കൂടുതൽ സ്വാതന്ത്ര്യം ലഭ്യമാകും. വീസക്കാലാവധി മൂന്നു മാസത്തിൽനിന്ന് ഒരു വർഷമായി ഉയർത്തും.ഒരു വർഷം നീണ്ട കൂടിയാലോചനകൾക്കൊടുവിലാണു ധാരണ.
ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനങ്ങൾക്കു യുഎസ് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 13 അമേരിക്കൻ മാധ്യമപ്രവർത്തകരെ പുറത്താക്കിയാണു ചൈന തിരിച്ചടിച്ചത്.