ഐഎസ് ഭീകരർ തകർത്ത പള്ളി പുനർനിർമിച്ചു
Thursday, November 18, 2021 12:53 AM IST
ബാഗ്ദാദ്: ഇറാക്കിലെ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത മാർ കോർക്കിസ് സന്യാസമഠത്തിലെ മുഖ്യ പള്ളി പുനരുദ്ധരിച്ചു.
മാസാവസാനം ആരാധയ്ക്കു തുറന്നുകൊടുക്കും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സാന്പത്തികസഹായത്തോടെയാണ് പള്ളി പുനർനിർമിച്ചത്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിലെ ഹെറിറ്റേജ് ആൻഡ് സിവിലൈസേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹായവും ഉണ്ടായിരുന്നു.
അസീറിയൻ സഭയുടെ കീഴിലുള്ള സന്യാസിമഠം ടൈഗ്രിസ് നദീതീരത്താണു സ്ഥിതിചെയ്യുന്നത്. മൊസൂൾ പിടിച്ചെടുത്തു കിരാതവാഴ്ച തുടങ്ങിയ ഐഎസ് ഭീകരർ 2015 മാർച്ചിലാണ് പള്ളി തകർത്തത്. പള്ളിയുടെ കുംഭഗോപുരവും മുൻവശവും നശിപ്പിക്കപ്പെട്ടെങ്കിലും പൂർണമായി നിലംപൊത്തിയില്ല.
കുംഭഗോപുരത്തിലെ കുരിശുകൾ 2014 ഡിസംബറിൽ തന്നെ നശിപ്പിച്ചിരുന്നു. പള്ളിയോടു ചേർന്നുള്ള സെമിത്തേരിയും നശിപ്പിച്ചു. ഇറാൻ-ഇറാക്ക് യുദ്ധത്തിൽ കൊല്ലപ്പെട്ട ധാരാളം ക്രൈസ്തവ സൈനികരെയാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്.
വടക്കൻ ഇറാക്കിൽ ഐഎസ് നശിപ്പിച്ച പള്ളികളും ചരിത്രസ്മാരകങ്ങളും പുനരുദ്ധരിക്കാനുള്ള പദ്ധതിക്ക് യുഎസ് ധനസഹായം നല്കുന്നുണ്ട്.