മാൽക്കം എക്സ് വധക്കേസ്: ആറു പതിറ്റാണ്ടിനുശേഷം പ്രതികളെ കുറ്റവിമുക്തരാക്കുന്നു
Thursday, November 18, 2021 11:57 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ പൗരാവകാശ നേതാവ് മാൽക്കം എക്സ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിതരായ മുഹമ്മദ് അസീസ്, ഖലീൽ ഇസ്ലാം എന്നിവരെ ആറു പതിറ്റാണ്ടിനുശേഷം നിരപരാധികളെന്നു കണ്ട് കുറ്റവിമുക്തരാക്കാൻ ഒരുങ്ങുന്നു. നീതി നിഷേധിക്കപ്പെട്ട ഇവർക്കെതിരായ കുറ്റങ്ങൾ നീക്കം ചെയ്യാൻ നടപടികൾ എടുക്കുമെന്ന് മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസ് അറിയിച്ചു.
നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയിലൂടെ കറുത്തവംശജരുടെ നേതാവായി മാറിയ മാൽക്കം എക്സ് 1965 ജനുവരി 21ന് ന്യൂയോർക്കിലെ പ്രസംഗ വേദിയിൽ ഭാര്യക്കും മക്കൾക്കും മുന്നിൽ വെടിയേറ്റു വീഴുകയായിരുന്നു. സംഘടനയുമായി തെറ്റിപ്പിരിഞ്ഞ് ഒരു വർഷത്തിനകമായിരുന്നു സംഭവം.
നേഷൻ ഓഫ് ഇസ്ലാം പ്രവർത്തകനായിരുന്ന മുജാഹിദ് അബ്ദുൾ ഹാലിം, അസീസ്, ഇസ്ലാം എന്നിവരായിരുന്നു പ്രതികൾ. വെടിയുതിർന്ന മൂന്നു പേരിൽ ഒരാൾ താനായിരുന്നുവെന്നും എന്നാൽ അസീസും ഇസ്സാമും അല്ല മറ്റു രണ്ടുപേരുമെന്നും അബ്ദുൾ ഹാലിം മൊഴി നല്കിയിരുന്നു.
മാൽക്കം എക്സിന്റെ കൊലപാതകത്തെക്കുറിച്ച് 2020ൽ പുറത്തുവന്ന ഡോക്യുമെന്ററി പരന്പരയ്ക്കു പിന്നാലെ ന്യൂയോർക്ക് അധികൃതർ നടത്തിയ പുനരന്വേഷണത്തിലാണ് നിരപരാധിത്വം സ്ഥിരീകരിക്കപ്പെട്ടത്. കേസ് അന്വേഷിച്ചവർ ചിലരെ രക്ഷിക്കാൻ തെളിവുകൾ മറച്ചുവച്ചതായി കണ്ടെത്തി.
1966-ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അസീസ് 1985ൽ 83-ാം വയസിലാണു ജയിൽമോചിതനായത്. 1987ൽ മോചിതനായ ഇസ്ലാം 2009-ൽ മരിച്ചു.