കോവിഡ് നിയന്ത്രണങ്ങൾ; റോട്ടർഡാമിൽ കലാപം
Saturday, November 20, 2021 11:54 PM IST
ആംസ്റ്റർഡാം: നെതർലാൻഡ്സിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരേ ജനങ്ങൾ നടത്തിയ പ്രതിഷേധം കലാപമായി മാറി. റോട്ടർഡാം നഗരത്തിൽ പോലീസും കലാപകാരികളും തമ്മിൽ ഏറ്റുമുട്ടി. പോലീസിന്റെ വെടിവയ്പിൽ രണ്ടു പേർക്കു പരിക്കേറ്റു. പോലീസ് കാറുകൾക്ക് ജനം തീവച്ചു.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് ഏർപ്പെടുത്താനും പുതുവത്സരത്തിൽ കരിമരുന്നുപരിപാടികൾ നിരോധിക്കാനുമുള്ള നീക്കമാണ് ജനങ്ങളെ പ്രതി ഷേധത്തിനു പ്രേരിപ്പിച്ചത്.
ജനക്കൂട്ടം പോലീസിനു നേർക്ക് കല്ലും പടക്കവും എറിഞ്ഞു. പോലീസിന്റെ ജലപീരങ്കിയും മുന്നറിയിപ്പുവെടിയും ഫലിക്കാതിരുന്നപ്പോഴാണ് ജനക്കൂട്ടത്തിനു നേർക്കു വെടിയുതിർക്കേണ്ടിവന്നത്. 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോട്ടർഡാം നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാന റെയിൽവേ സ്റ്റേഷൻ അടച്ചു.
നെതർലാന്‍ഡ്സിൽ ഒരാഴ്ച മുന്‍പു പ്രഖ്യാപിച്ച ഭാഗിക ലോക്ഡൗൺ പ്രാബല്യത്തിലുണ്ട്. ഈ തീരുമാനത്തിനു പിന്നാലെ ഹേഗ് നഗരത്തിൽ പ്രതിഷേധിച്ചവർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.