മുന്ദ്ര തുറമുഖത്ത് പാക് കണ്ടെയ്നറുകൾ പിടിച്ചെടുത്തു
Sunday, November 21, 2021 12:45 AM IST
ഇസ്ലാമാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് പാക്കിസ്ഥാനിൽ നിന്നെത്തിയ കപ്പലിൽനിന്നു പിടിച്ചെടുത്ത കണ്ടെയ്നറുകളെക്കുറിച്ചു വിശദീകരണവുമായി പാക്കിസ്ഥാൻ. ചൈനയിൽനിന്നു കറാച്ചിയിലെ ആണവനിലയത്തിലേക്ക് ഇന്ധനം കൊണ്ടുവരുന്നതിനു നേരത്തേ ഉപയോഗിച്ചിരുന്നവയാണ് ഇതെന്നാണു വിശദീകരണം.
കറാച്ചിയിൽനിന്ന് ചൈനയിലെ ഷാംഗ്ഹായിയിലേക്കു പോയ ചരക്കുകപ്പലിൽനിന്ന് കഴിഞ്ഞദിവസമാണ് റേഡിയോ ആക്ടീവ് സാന്നിധ്യമുള്ള കണ്ടെയ്നറുകൾ പിടിച്ചെടുത്തത്.
ചൈനയിലേക്കു തിരിച്ചയയ്ക്കുന്ന ശൂന്യമായ കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് കറാച്ചി ആണവനിലയം അറിയിച്ചതായി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര ആണവ ഏജൻസിയുടെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് കറാച്ചി ആണവനിലയം പ്രവർത്തിക്കുന്നതെന്നും വിശദീകരണമുണ്ട്.