സൈബീരിയയിൽ കൽക്കരി ഖനിയിൽ തീപിടിത്തം; 11 മരണം
Thursday, November 25, 2021 11:39 PM IST
മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള സൈബീരിയയിലെ കൽക്കരി ഖനിയിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 40 പേർക്കു പരിക്കേറ്റു. ഖനിയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.
തെക്കുപടിഞ്ഞാറൻ സൈബീരിയയിലെ കെമറോവോ മേഖലയിലെ ലിസ്റ്റുവ്യാഷാനിയ ഖനിയിൽ ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ടാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടിത്തമുണ്ടായപ്പോൾ ഖനിയിൽ 285 തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് കെമറോവോ മേയർ ഗവർണർ സെർജി ടിസിവിലിയോവ് പറഞ്ഞു. ഖനിയിൽ 35 പേർ കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖനിയപകടത്തിൽ പരിക്കേറ്റ 44 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റഷ്യയുടെ ആക്ടിംഗ് ദുരന്തനിവാരണമന്ത്രി അലക്സാണ്ടർ ചുപ്രിയാൻ പറഞ്ഞു. സുരക്ഷാ വീഴ്ചയാണോ അപകടത്തിനു കാരണം എന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.