യാത്രാവിലക്കിനെതിരേ ദക്ഷിണാഫ്രിക്ക
Monday, November 29, 2021 12:50 AM IST
ജോഹന്നാസ്ബർഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയതിനെത്തുടർന്ന്, 18 രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നു യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെതിരേ ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രാലയം. യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടി തിടുക്കപ്പെട്ടെടുത്ത ഒന്നാണെന്ന് ദക്ഷിണാഫ്രിക്ക കുറ്റപ്പെടുത്തി.
കോവിഡ് 19 ബി.1.1.529 വകഭേദം ദക്ഷിണാഫ്രിക്കയിലെ ഗോട്ടെംഗ് പ്രവിശ്യയിലാണു കണ്ടെത്തിത്. വെള്ളിയാഴ്ചയാണ് ലോകാരോഗ്യസംഘടന പുതിയ വകഭേദത്തിന് ഒമിക്രോൺ എന്നു പേരിട്ടത്. വൈറസ് മാരകമാണോ എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനു മുന്പ് 18 രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഏഞ്ചലിക്ക് കോട്സി കുറ്റപ്പെടുത്തി.
ദക്ഷിണാഫ്രിക്ക ലോകത്തോടു പങ്കുവച്ച വിവരത്തിൽ അധിക്ഷേപിക്കാതെ പുകഴ്ത്തുകയാണു വേണ്ടതെന്നും അദ്ദേ ഹം പറഞ്ഞു.