മ്യാൻമറിൽ പട്ടാളക്കാർ കാറോടിച്ചുകയറ്റി അഞ്ചു പേരെ കൊലപ്പെടുത്തി
Monday, December 6, 2021 12:54 AM IST
യാങ്കോൺ: മ്യാൻമറിൽ പട്ടാളക്കാർ ജനാധിപത്യ പ്രക്ഷോഭകർക്കിടയിലേക്കു കാർ ഓടിച്ചുകയറ്റി അഞ്ചു പേരെ കൊലപ്പെടുത്തി. ഒട്ടനവധിപ്പേർക്കു ഗുരുതരമായി പരിക്കേറ്റു.
യാങ്കോൺ നഗരത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. പട്ടാള ഭരണകൂടത്തിനെതിരേ ഫ്ലാഷ്മോബ് പ്രകടനം നടത്തിയവരാണ് ഇരകളായത്. സിവിലിയൻ കാറിലെത്തിയ പട്ടാളക്കാർ പിന്നിൽനിന്ന് പ്രതിഷേധക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് വെടിയുതിർക്കുകയും മർദനം അഴിച്ചുവിടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.