ഐഎസ് ഭീകരർ ജയിൽ തകർത്തു, സിറിയയിൽ സംഘർഷം
Monday, January 24, 2022 1:14 AM IST
ഡമാസ്കസ്: വടക്കൻ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കുർദുകളുടെ ജയിൽ തകർത്ത് തടവുകാരെ മോചിപ്പിച്ചു. ഹസാക നരത്തിൽ ഐഎസും കുർദ് പോരാളികളും തമ്മിൽ വ്യാഴാഴ്ച മുതൽ പോരാട്ടത്തിലാണ്. ഇതിനിടെയാണ് ഐഎസ് ജയിൽ തകർത്തത്.
കുർദ് സൈന്യത്തിനു പിന്തുണയുമായി യുഎസ് വ്യോമാക്രമണം നടത്തുന്നുണ്ട്. നിരവധി ഐഎസ് ഭീകരരെ തടവിൽ പാർപ്പിച്ചിരുന്ന ഗൗരാൻ ജയിലാണ് ഐഎസ് തകർത്തത്. ജയിലിൽനിന്ന് രക്ഷപ്പെട്ട നിരവധിപ്പേരെ പിടികൂടിയെങ്കിലും നൂറുകണക്കിനു പേരേ കണ്ടെത്താനുണ്ടെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.
ജയിലിനു പുറത്ത് നടന്ന ഏറ്റുമുട്ടലിൽ 77 ഐഎസ് ഭീകരരും 39 കുർദ് പോരാളികളും കൊല്ലപ്പെട്ടു. നിരവധി തടവുകാരെ ജയിലിൽനിന്ന് മോചിപ്പിച്ചതായി ശനിയാഴ്ച പുറത്തുവിട്ട വീഡിയോയിൽ ഐഎസ് പറഞ്ഞു.