കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കും: ഡബ്ല്യുഎച്ച്ഒ മേധാവി
Tuesday, January 25, 2022 2:07 AM IST
ജനീവ: കോവിഡ് -19 മഹാമാരി ഈ വർഷത്തോടെ നിയന്ത്രണത്തിലാക്കാൻ സാധിച്ചേക്കുമെന്നു ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. ഓരോ 12 സെക്കൻഡിലും ലോകത്ത് ഒരാൾ കോവിഡ് മൂലം മരിക്കുന്നുണ്ട്. രാജ്യങ്ങൾ ഒറ്റക്കെട്ടായി, വാക്സിനിലൂടെയും ചികിത്സയിലൂടെയും രോഗ നിർണയത്തിലൂടെയും ഈ പ്രതിസന്ധി മറികടക്കാം.
ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ 70 ശതമാനം പേർക്ക് വാക്സിൻ നൽകാനാണ് ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. 2021 അവസാനത്തോടെ 40 ശതമാനം പേർക്ക് വാക്സിൻ നൽകണമെന്ന് ലോകാരോഗ്യ സംഘടന 194 അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഫ്രിക്കയിൽ 85 ശതമാനം പേരും ഒറ്റ ഡോസ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ല.
വാക്സിൻ വിടവ് നികത്തിയാൽ മാത്രമേ മഹാമാരിയെ ഫലപ്രദമായി നേരിടാൻ സാധിക്കൂ. കഴിഞ്ഞയാഴ്ച ലോകത്ത് മൂന്നു സെക്കൻഡിനുള്ളിൽ 100 പേർ രോഗികളാവുകയും 12 സെക്കൻഡിനിടെ ഒരാൾ കോവിഡ് മൂലം മരിക്കുകയും ചെയ്തു. ഇതുവരെ 55 ലക്ഷം പേർ കോവിഡ് മൂലം ലോകത്ത് മരിച്ചു. കോവിഡിനൊപ്പം ജീവിക്കാൻ ലോകം പഠിക്കണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.