ഫ്രാൻസിൽ മേയ്ദിന റാലിക്കിടെ പള്ളിക്കു നേരേ ആക്രമണം
Wednesday, May 4, 2022 2:06 AM IST
പാരീസ്: വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ അൻജേഴ്സ് നഗരത്തിൽ നടന്ന മേയ്ദിന റാലിക്കിടെ കത്തോലിക്കാ ദേവാലയത്തിനു നേരേ അക്രമം. തീവ്രഇടതുപക്ഷക്കാർ നടത്തിയ റാലിയിൽ പങ്കെടുത്തവർ പള്ളി വള പ്പിലേക്ക് അതിക്രമിച്ചു കയറുകയും ദേവാലയ ഭിത്തിയിൽ ചായം ഒഴിക്കുകയും മുട്ടയെറിയുകയും ചെയ്തു.
കുർബാനയിൽ പങ്കെടുത്തിരുന്ന വിശ്വാസികളുടെമേലും ചായം ചീറ്റിക്കുകയും അസഭ്യം പറയുകയും മുട്ടയെറിയുകയുമുണ്ടായി. വിശ്വാസികൾ പള്ളി അകത്തുനിന്നു പൂട്ടിയപ്പോൾ പിരിഞ്ഞുപോയ പ്രകടനക്കാർ ഭീഷണി മുഴക്കിക്കൊണ്ട് വീണ്ടുമെത്തി.
പോലീസിന്റെ സഹായത്തോടെയാണ് വിശ്വാസികൾ പള്ളിയിൽനിന്നു സുരക്ഷിതരായി പുറത്തിറങ്ങിയത്. അക്രമസജ്ജരായ ഇടതുപക്ഷ തീവ്രവാദികൾ കഴിഞ്ഞ വർഷം കത്തോലിക്കാ വിശ്വാസികളുടെ ഒരു പ്രദക്ഷിണത്തെ അക്രമിക്കുകയും നിരവധിപ്പേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.