ജനാധിപത്യവാദികളെ പിന്തുണച്ച ഹോങ്കോംഗ് കർദിനാൾ അറസ്റ്റിൽ
Thursday, May 12, 2022 1:19 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിലെ മുൻ ബിഷപ് കർദിനാൾ ജോസഫ് സെന്നിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. തൊണ്ണൂറുകാരനായ ബിഷപ് സെൻ ചൈനയുടെ നിശിത വിമർശകനായിരുന്നു.
അറസ്റ്റിലായ ജനാധിപത്യ പ്രക്ഷോഭർക്കു നിയമസഹായം നല്കിയിരുന്ന ‘612 ഹുമാനിറ്റേറിയൻ റിലീഫ് ഫണ്ട്’ എന്ന ട്രസ്റ്റിന്റെ ഭാരവാഹിത്വം വഹിച്ചു എന്നതിന്റെ പേരിലാണ് അറസ്റ്റ്. ട്രസ്റ്റ് 2019ൽ പ്രവർത്തനം നിർത്തിയിരുന്നു.
അറിയപ്പെടുന്ന ഗായകനായ ഡെനിസ് ഹോ അടക്കം ട്രസ്റ്റിന്റെ മറ്റ് മുൻ ഭാരവാഹികളെയും അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈന ഹോങ്കോംഗിൽ നടപ്പാക്കിയ ദേശീയസുരക്ഷാ നിയ മം അനുസരിച്ചുള്ള അറസ്റ്റിൽ വിദേശശക്തികളുമായി കൂട്ടുചേർന്നു എന്ന കുറ്റവും ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.