യുഎസിലെ പള്ളിയിലും വ്യാപാരകേന്ദ്രത്തിലും വെടിവയ്പ്: മൂന്നുമരണം
Tuesday, May 17, 2022 1:45 AM IST
ലോസാഞ്ചലസ്: യുഎസിലെ പള്ളിയിലും വ്യാപാരകേന്ദ്രത്തിലുമുണ്ടായ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
എട്ടുപേർക്കു പരിക്കേറ്റു. ന്യുയോർക്കിലെ സൂപ്പർമാർക്കറ്റിൽ പതിനെട്ടുകാരന്റെ വെടിയേറ്റു പത്തുപേർ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നു തെക്കൻ കലിഫോർണിയയിലും ടെക്സസിലുമാണു മൂന്നുപേരുടെ ജീവനെടുത്ത അക്രമം.
തെക്കൻ കലിഫോർണിയയിലെ പള്ളിയിൽ വിരുന്നുസത്കാരത്തിനിടെ ഏഷ്യൻ വംശജനായ അറുപതുകാരൻ നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. വെടിവയ്പിൽ അഞ്ചുപേർക്കു പരിക്കേറ്റു. പള്ളിയിലെ പാസ്റ്റർ കസേരയുപയോഗിച്ച് അക്രമിയെ തലക്കടിച്ചു വീഴ്ത്തി കെട്ടിയിടുകയായിരുന്നു.
നാൽപതോളം പേരാണു പള്ളിയിലുണ്ടായിരുന്നത്. അക്രമിയിൽനിന്നു രണ്ട് തോക്കുകള്‍ പിടികൂടി. മരിച്ചയാളും വെടിയേറ്റവരും ഏഷ്യൻ, തായ്വാൻ വംശജരാണ്.
ടെക്സസില്‍ പഴയ സാധനങ്ങള്‍ വിറ്റഴിക്കുന്ന ചന്തയിലുണ്ടായ വെടിവയ്പിലാണു രണ്ടുപേർ മരിച്ചത്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണു വെടിവയ്പിൽ കലാശിച്ചത്. മൂന്നുപേരെ ആശുപത്രിയിലേക്കു മാറ്റിയെന്ന് ഹാരിസ് കൗണ്ടി പോലീസ് അറിയിച്ചു.
ശനിയാഴ്ച ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പതിനെട്ടുകാരന് നടത്തിയ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പാണു വെടിവയ്പ്. വംശീയവിദ്വേഷം മൂലമാണു പതിനെട്ടുകാരന്റെ കൂട്ടക്കുരുതി.