ആഗോള ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ പദ്ധതികൾ
Thursday, May 19, 2022 2:08 AM IST
ബോൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും കാലാവസ്ഥാ വ്യതിയാനവും മൂലം ഉടലെടുത്തേക്കാവുന്ന ഭക്ഷ്യ പ്രതിസന്ധി മറികടക്കാൻ യുഎസും വിവിധ വികസന ബാങ്കുകളും പദ്ധതികൾ തയാറാക്കുന്നു. ഇതിനായി അതിവേഗ കർമപദ്ധതികളാണ് ഒരുങ്ങുന്നതെന്നു യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെയും ശ്രീലങ്കയിലെയും ഭക്ഷ്യ പ്രതിസന്ധിക്കു പരിഹാരമായി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായപദ്ധതി ഉടൻ നടപ്പാക്കും. ആഫ്രിക്കയിലെ കോടിക്കണക്കിനുവരുന്ന കർഷകർക്കായി 1.5 ബില്യൻ ഡോളർ നീക്കിവയ്ക്കാനാണ് ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ തീരുമാനം. യൂറോപ്യൻ വികസന ബാങ്ക്, ഇന്റർ അമേരിക്കൻ വികസന ബാങ്ക്, ലോകബാങ്ക് എന്നിവയും ഉടൻ സഹായപദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു.