ചായകുടി കുറയ്ക്കൂ; ജനങ്ങളോടു പാക്കിസ്ഥാൻ ഭരണകൂടം
Wednesday, June 15, 2022 11:41 PM IST
ഇസ്ലാമാബാദ്: ചായകുടി കുറയ്ക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു പാക്കിസ്ഥാൻ ഭരണകൂടം. രാജ്യത്തെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായാണു നിർദേശം. പാക് ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാലാണു നിർദേശം മുന്നോട്ടുവച്ചത്.
ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യമാണു പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം രാജ്യം വാങ്ങിയ തേയിലയുടെ മൂല്യം ഏകദേശം 600 ദശലക്ഷം ഡോളറോളം വരും. ഈ സാഹചര്യത്തിലാണു ചായകുടി കുറച്ചു ചെലവു നിയന്ത്രിക്കാമെന്ന നിർദേശം മന്ത്രി മുന്നോട്ടുവച്ചത്.
ചായകുടിക്കുന്നത് ഒന്നോ രണ്ടോ കപ്പെങ്കിലും കുറയ്ക്കാൻ രാജ്യത്തോട് അഭ്യർഥിക്കുകയാണെന്നും നിലവിൽ കടമെടുത്താണു ചായപ്പൊടി ഇറക്കുമതി ചെയ്യുന്നതെന്നും അഹ്സൻ ഇഖ്ബാൽ പറഞ്ഞു.
രാജ്യത്തെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ വ്യാപാരികളോടും രാജ്യത്തോടും മന്ത്രി അഭ്യർഥിച്ചു.