കടന്നാക്രമിച്ച് റഷ്യ
Wednesday, June 15, 2022 11:41 PM IST
കീവ്: യുക്രെയ്നു നാറ്റോ നൽകിയ ആയുധങ്ങൾ വ്യോമാക്രമണത്തിൽ നശിപ്പിച്ചതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. പടിഞ്ഞാറൻ ലിവിവ് മേഖലയിലെ ഡിപ്പോയിൽ ദീർഘദൂര മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയാണ് ആയുധങ്ങൾ നശിപ്പിച്ചതെന്നു സൈന്യം അറിയിച്ചു.
നിലവിൽ റഷ്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഡോണ്ബാസ് മേഖലയിലെ സിവറോഡൊണസ്റ്റക്കിൽ പോരാട്ടം രൂക്ഷമായി തുടരവെയാണു യുക്രെയ്നിന്റെ ആയുധശേഖരം നശിപ്പിച്ചതായി റഷ്യ അവകാശവാദമുന്നയിക്കുന്നത്.
അതേസമയം, 500 സാധാരണക്കാരും നിരവധി യുക്രെയ്ൻ പോരാളികളും അഭയം തേടിയിരിക്കുന്ന അസോട്ട് കെമിക്കൽ പ്ലാന്റിൽനിന്നുള്ള രക്ഷാപ്രവർത്തനം യുക്രേനിയൻ സൈന്യം തടസപ്പെടുത്തുകയാണെന്നു റഷ്യൻ പിന്തുണയുള്ള വിമതർ ആരോപിച്ചു. എന്നാൽ, ഈ അവകാശവാദത്തിനു തെളിവുകളുടെ പിൻബലമില്ല.
അസോട്ട് പ്ലാന്റിൽനിന്നു വിമതർക്കു മുൻതൂക്കമുള്ള ലുഹാൻസ്കിലേക്കു തുറക്കാമെന്നു റഷ്യ വാഗ്ദാനം ചെയ്ത മനുഷ്യാവകാശ ഇടനാഴി സംബന്ധിച്ച് യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. ലുഹാൻസ്കിലെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ഇവിടെ റഷ്യൻ സൈന്യം മുന്നേറ്റം നടത്തുന്നുണ്ടെന്നും ഗവർണർ സെർഹി ഹയ്ദൈ സമ്മതിച്ചു.
അതീവ കൃത്യതയുള്ള കലിബർ മിസൈലുകൾ ഉപയോഗിച്ചാണു സൊളോച്ചിവ് നഗരത്തിലെ ആയുധഡിപ്പോ തകർത്തതെന്നു റഷ്യൻ പ്രതിരോധ വക്താവ് ഇഗോൾ കൊനാഷെങ്കോവ് പറഞ്ഞു. നാറ്റോ അംഗമായ പോളണ്ടുമായി അതിർത്തി പങ്കിടുന്ന നഗരമാണിത്.
അമേരിക്ക നൽകിയ എം777 ഹൗവിറ്റ്സറുകളാണ് ഇവിടെ ശേഖരിച്ചിരുന്നതെന്നും ഇഗോർ ആരോപിച്ചു. മാത്രമല്ല, ദക്ഷിണ മിഖോലിവ് മേഖലയിലെ യുക്രെയ്നിന്റെ മിലിട്ടറി എയ്റോഡ്രോമും റഷ്യൻ വ്യോമാക്രമണത്തിൽ തകർന്നതായി അദ്ദേഹം അവകാശപ്പെട്ടു. കൂടുതൽ ആയുധങ്ങൾക്കായി യുക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങൾക്കുമേൽ സമ്മർദം തുടരുന്നതിനിടെയാണു റഷ്യയുടെ കടന്നാക്രമണം.